കേരളത്തിൽ എല്ലായിടത്തും കാണപ്പെടുന്ന ഒരു ചെടി അല്ലെങ്കിൽ ഒരു മരം ആണ് ശീമക്കൊന്ന. വേലി കെട്ടാനും, നൈട്രജൻ സമ്പുഷ്ടമായ പച്ചില വളമായും, പച്ച ചാണകവുമായി ചേർത്ത് ജൈവ വളമായും കൃഷിസ്ഥലങ്ങളിൽ പുതയിടാനും (mulching) ഒക്കെ ആയി നമ്മുടെ നാട്ടിൽ ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കുട്ടിക്കാലത്തു ക്രിക്കറ്റ് കളിക്കുമ്പോൾ സ്റ്റമ്പ് ഉണ്ടാക്കാനും, പാർട്ടിക്കാർക്ക് കോടി കെട്ടാൻ വേണ്ട വളവില്ലാത്ത വടിയായും, മറ്റു ചെടികൾക്ക് വളർന്നു വരുന്നതിനുള്ള വേലിയായും, മുറിവിൽ പുരട്ടാനുള്ള ഔഷധമായും ഒക്കെ പലവിധ ഉപയോഗങ്ങൾ. ചീഞ്ഞാലുള്ള ഒരു വൃത്തികെട്ട മണം ഒഴിച്ചാൽ തികച്ചും ഉപകാരി തന്നെ.
ശീമക്കൊന്ന ആളൊരു വിദേശി ആണ് കേട്ടോ മധ്യ അമേരിക്ക ആണ് ജന്മദേശം. നല്ല വെയിലും മഴയും ഒക്കെ കിട്ടുന്ന കേരളത്തിലെ ഭൂപ്രകൃതി അനുകൂലം ആയതു കൊണ്ടും, ബയോളജിക്കൽ ആയ സ്വാഭാവിക ശത്രുക്കൾ (natural predators or parasites) ഇല്ലാത്തതുകൊണ്ടും ഇവിടെ നന്നായി പച്ചപിടിച്ചു വളരുന്നു. ദുർബലമായ നീണ്ട ചില്ലകളാണെങ്കിലും കാതൽ ഉള്ള തായ്‌ത്തടി കുറ്റിയിടാനും, മഴു, ചുറ്റിക, കൈക്കോട്ട് എന്നിവയ്ക്ക് പിടി ഇടാനും ഒക്കെ ഉപയോഗിക്കാം.
ചില വഴികളിൽ ഒക്കെ ഇത് നിൽക്കുന്നത് കണ്ടാൽ കൃത്യമായി നട്ടുപിടിപ്പിച്ചതാണെന്നു നമുക്ക് മനസ്സിലാക്കാം. വഴിയരികുകളിലും പാടങ്ങളുടെ അരികിലും ഒക്കെ ആയി ഇത് ഒരു കാലത്തു വ്യാപകമായി നട്ടു പിടിപ്പിച്ചിരുന്നു എന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാക്കാം. ഇതിനൊരു കാരണം ഉണ്ട് 1957 കാലഘട്ടങ്ങളിൽ അതായത് ഐക്യ കേരള രൂപീകരണത്തിനുശേഷം ലോകത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിൽ വന്ന കാലഘട്ടം, കേരളത്തിൽ ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. 1951ലെ സെൻസസ് പ്രകാരം കേരളത്തിൽ 1.35 കോടി ആണ് ജനസംഖ്യ അതായത് ദേശിയ ജനസംഖ്യയുടെ 4% ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരിടം. ജനസാന്ദ്രതയാണെങ്കിൽ (population density) ഒരു ചതുരശ്ര മൈലിൽ 907 ആളുകൾ, അന്നത്തെ കണക്കിൽ കേരളത്തിന്റെ ഭൂവിസ്തൃതിയുമായി തട്ടിച്ചു നോക്കുമ്പോൾ ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച ഇത് വളരെ കൂടുതൽ ആയിരുന്നു. അന്നത്തെ ദേശിയ ശരാശരി 313 ആയിരിക്കെ 907 എന്നത് ഏകദേശം മൂന്ന് മടങ്ങോളം വരുമല്ലോ.
ഇത്തരത്തിൽ അക്കാലത്തു അതിവേഗം വളർന്നിരുന്ന (22+% per 10 year) ജനസംഖ്യയെ ഊട്ടാൻ അക്കാലത്തു കൊല്ലത്തിൽ വേണ്ടിയിരുന്ന 14 ലക്ഷം ടൺ ഓളം അരിക്ക് പകരമായി കേരളത്തിലെ അരിയുല്പാദനം വെറും 8 ലക്ഷം ടൺ ആയിരുന്നു. ഇത് പട്ടിണി വലിയതോതിൽ പെരുകുന്നത്തിനും ജനരോക്ഷത്തിനും കാരണമായി. കപ്പയും മക്രോണിയും ഒക്കെ തിന്നു വിശപ്പടക്കാൻ ഉള്ള ഭക്ഷ്യവകുപ്പിന്റെ ആഹ്വനം ഒന്നും അധികം വിലപ്പോയില്ല.
ഭക്ഷ്യക്ഷാമം പരിഹരിക്കാൻ സർക്കാർ പലവിധ നടപടികളും സ്വീകരിച്ചു. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ ഉള്ള പല ശ്രമങ്ങളിൽ ഒന്നായിരുന്നു പച്ചില വളം നിർമിച്ചു കാർഷിക ഉത്പാദനം വർദ്ധിപ്പിക്കുക എന്നത്. ഇതിനായി ഓരോ ഏക്കർ കൃഷിസ്ഥലത്തിനും 100 വീതം ശീമക്കൊന്ന തൈകൾ വച്ചുപിടിപ്പിക്കാൻ തീരുമാനിക്കുകയും ഏകദേശം 26 കോടിയോളം ശീമക്കൊന്ന തൈകൾ വിതരണം നടത്താനുള്ള ഊർജ്ജിത ശ്രമങ്ങളും സർക്കാർ നടത്തി. ഇത് എത്ര മാത്രം വിജയിച്ചു എന്നത് സംശയകരം ആണ് കാരണം പിന്നീട് ആന്ധ്രയിൽ നിന്നും അരി ഇറക്കുമതി ചെയ്താണ് ഭക്ഷ്യക്ഷാമം പരിഹരിക്കപ്പെട്ടത്, അതുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ "ആന്ധ്ര അരി കുംഭകോണം" എന്ന പേരിൽ ഏറെ പ്രസക്തം ആണ്.
എന്തായാലും വളരെയധികം ശീമക്കൊന്നതൈകൾ വിതരണം ചെയ്യപ്പെട്ടു. അവയിൽ പലതും ഇന്നും വെയിലത്തു ഇളം പിങ്ക് നിറങ്ങളുള്ള പൂക്കളും കടും പച്ചയും ഇളം പച്ചയും ഇരുപുറവും ഉള്ള ഇലകളുമായി കൂട്ടമായി കാറ്റിൽ ആടിക്കളിക്കുന്നത് ചില സ്ഥലങ്ങളിൽ ഇന്നും കാണാം. കാലം ചെല്ലുന്തോറും ശക്തമായ കാതൽ വെക്കുന്ന ശീമക്കൊന്ന സ്വാഭാവിക വേലിക്ക് പറ്റിയ ഒരു മരം തന്നെ ആണ്. ഇന്ന് കമ്പിവേലികളും മതിലുകളുമായി നാട് പരിണമിച്ചപ്പോൾ ശീമകൊന്നകൾ ഒരു ശല്യമായും ഉപയോഗശൂന്യമെന്നും കരുതി വെട്ടി കളയുകയാണ് ചെയ്യുന്നത്.
ദീപക്ക് കുമാർ
Notes & References
1 . https://nsscollegepandalam.ac.in/Gliricidiasepium.php
2 . https://spb.kerala.gov.in/sites/default/files/inline-files/1959.pdf
3 . കേരളത്തിലെ ഇപ്പോളത്തെ ജനസാന്ദ്രത ഏകദേശം 2300+ (per square mile) ആണ്, എന്നാൽ മികച്ച കുടുംബാസൂത്രണ പദ്ധതികളുടെയും പൊതു അവബോധത്തിന്റെയും ഫലമായി ജനസംഖ്യ വളർച്ചാനിരക്ക് കുറഞ്ഞു കൊണ്ടിരിക്കുകയാണ്, ഇന്ന് ഇത് ~5% (per 10 year ) ആയി കുറഞ്ഞിരിക്കുന്നു.
4 . https://dcbookstore.com/books/keralathinte-rashtriyacharithram