കുടമാഹാത്മ്യം
ഇന്ന് നല്ല മഴയാണല്ലോ കുടയില്ലാതെ പുറത്തിറങ്ങിയാൽ ആകെ നനഞ്ഞു ചീയും, എന്നാൽ പിന്നെ ഇന്നത്തെ വിഷയം കുടയെപ്പറ്റി ആകട്ടെ. ഈ കുടയെപ്പറ്റി എന്താ ഇത്ര പറയാൻ ? ഒരു "മീശ" വിവാദം സൃഷ്‌ടിച്ച നാട്ടിൽ ഒരു കറുത്തകുടയ്ക്ക് വൻ വിവാദം തന്നെ സൃഷ്ടിക്കാൻ കഴിയും. അതുപോട്ടെ, പറഞ്ഞുവന്നത് കുടയുടെ ഉപയോഗം പ്രധാനമായും മഴക്കാലത്തു ആണല്ലോ എന്നാലും നല്ല വെയിലുള്ള സമയത്ത് കുട ചൂടുന്നത് നല്ലതു തന്നെ. സൂര്യാഘാതം, സ്ക്കിൻ കാൻസർ മുതലായ അപകടങ്ങളിൽ നിന്നും രക്ഷപെടാൻ നല്ല വെയിലുള്ള സമയത്ത് കറുത്തകുട ഉപയോഗിക്കാൻ ഔദ്യോഗികമായി തന്നെ ഇപ്പോൾ പല സ്ഥലത്തും നിർദ്ദേശിക്കപ്പെടുന്നു. വേനൽക്കാലത്ത് സൂര്യാഘാത അപകടങ്ങൾ വർഷം തോറും കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കറുത്തകുട പോലെ ഒരു പരിച കയ്യിൽ കരുതുന്നത് എന്തുകൊണ്ടും നല്ലതല്ലേ ?
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ കുടയും കൊണ്ട് സ്കൂളിൽ പോകുക എന്നത് ഒരു ബുദ്ധിമുട്ടായിരുന്നു. കയ്യിൽ പിടിക്കണം, ബസ്സിൽ കയറിയാൽ അതിലേറെ ബുദ്ധിമുട്ട്, നനഞ്ഞ കുട ആണെങ്കിൽ ആരെയും മുട്ടിക്കാതെ ഒരു കയ്യിൽ പിടിച്ച് മറ്റേ കൈ കൊണ്ട് ബസ്സിൽ എവിടെങ്കിലും പിടിച്ചു നിക്കും, ഒഴിഞ്ഞ സീറ്റ് പൊതുവെ ഉണ്ടാകാറില്ല ഉണ്ടെങ്കിലും കുട്ടികൾ സീറ്റിൽ ഇരിക്കാൻ പാടില്ലെന്നാണ് കണ്ടക്ടറുടെ ഓർഡർ. പുറകിലെ വലിയ ബാഗ് ചിലപ്പോ സീറ്റിന്റെ താഴെയോ ആരുടെയെങ്കിലും മടിയിലോ വെക്കാൻ പറ്റിയാൽ ഭാഗ്യം, ഇല്ലെങ്കിൽ അതും നമ്മൾ കഷ്ട്ടപ്പെട്ട് പിടിക്കണം. ദയതോന്നി ആരെങ്കിലും ബാഗ് പിടിച്ചാൽ ആ ഹത ഭാഗ്യർ ഒരു നോട്ടം നോക്കും. ഇതെന്താ മോനെ ബാഗിൽ കല്ല് വല്ലതും ആണോ ? എന്നാണ് ആ നോട്ടത്തിന്റെ അർഥം.
ചിലർ മഴ വന്നാലും സ്വന്തം കുട നിവർത്താതെ മറ്റുള്ളവരുടെ കുടയിൽ കയറി നടക്കും, സ്വന്തം ശരീരം അല്പം നനഞ്ഞാലും കുട നനയില്ലല്ലോ, എന്തൊരു ബുദ്ധി അല്ലെ. വേറെ ചിലർ സ്പീഡിൽ റോഡിലെ വെള്ളം തെറുപ്പിച്ചു അങ്ങ് പോകും നമ്മൾ കുട വച്ച് തടഞ്ഞിരിക്കും, കറുത്ത കുടയാണെങ്കിൽ അത്ര മിനക്കേടില്ല. അങ്ങനെ നോക്കിയാൽ കറുത്തകുട ഒരു സമാധാനപരമായ ചെറുത്തുനില്പിന്റെ പ്രതീകം ആണ്. 2014ൽ ഹോങ്കോങ്ങിൽ (Hong Kong ) ജനാധിപത്യ സംരക്ഷണത്തിനായി നടന്ന കുട വിപ്ലവം (Umbrella Movement) വിജയം കണ്ടില്ലെങ്കിലും ചൈനീസ് പോലീസിന്റെ പെപ്പർ സ്പ്രയ്ക്കും (pepper spray) ടിയർ ഗ്യാസിനും (tear gas ) എതിരെ പിടിച്ചു നിൽക്കാൻ പ്രക്ഷോഭകാരികളായ ജനങ്ങൾ ഉപയോഗിച്ച കുടയെ സമാധാനപരമായ പ്രതിഷേധത്തിന്റ പ്രതീകം എന്നല്ലാതെ എങ്ങിനെ ആണ് വിശേഷിപ്പിക്കേണ്ടത്.
അന്നൊക്കെ ചെറിയ ത്രീ ഫോൾഡ് കുടയായിരുന്നു എനിക്കിഷ്ടം അതാകുമ്പോൾ മടക്കി ഒരു കവറിലാക്കി ബാഗിൽ വെക്കാം ആർക്കും ഒട്ടും ശല്യം ഇല്ല. ഇന്നിപ്പോൾ അത്യാവശ്യം ഇല്ലെങ്കിലും കാറിൽ എപ്പോളും ഒരു വലിയ കറുത്ത കാലൻകുട ഉണ്ടാകും. അതാകുമ്പോൾ ഒട്ടും നനയില്ല പിന്നെ കൊണ്ട് നടക്കേണ്ട വണ്ടിയിൽ വെച്ചാൽ മതിയല്ലോ. വല്ല തെരുവുനായ്ക്കളും കടിക്കാൻ വന്നാൽ കുടകാട്ടി ഒന്നു വിരട്ടാം. കാൽനടയാത്രക്കാർക്ക് മഴക്കാലത്തു കാലൻ കുട ഉപകാരിയാണെന്നാണ് എന്റെ അഭിപ്രായം കുത്തി നോക്കിയാൽ റോഡിൽ മഴ കുഴി വല്ലതും ഉണ്ടോന്നറിയാലോ, ആനകളൊക്കെ ഒരു മരക്കൊമ്പും പിടിച്ച് കുത്തി കുത്തി നടക്കുന്നത് കണ്ടിട്ടില്ലേ ? പൊതുജനങ്ങളുടെ സ്വയരക്ഷയ്ക്കായി കേരളത്തിലെ പ്രതേക സാഹചര്യത്തിൽ അധികാരികൾ എന്റെ ഈ കണ്ടെത്തൽ നിർദ്ദേശിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. ഛെ ഇതിലൊന്നും ഒട്ടും ഇന്നോവേഷൻ ഇല്ല എന്നാണെങ്കിൽ കുട തിരിച്ചു വച്ചാൽ ഒരു വട്ടവള്ളമായി ഉപയോഗിക്കാൻ പറ്റുന്ന ഒരു സാങ്കേതിക വിദ്യ ആരെങ്കിലും കണ്ടു പിടിക്കട്ടെ മഴക്കാലത്തു ഉപകരിക്കും, അല്ല പിന്നെ.
പണ്ട് കാലൻകുട ഒരു വയസ്സൻ ഐറ്റം ആയിട്ടാണ് തോന്നിയിരുന്നത് ഇന്നത് നല്ല സ്റ്റൈലൻ ആയിട്ട് ആണ് തോന്നുന്നത്, വയസ്സാകുന്നത്കൊണ്ടായിരിക്കുമോ ? ഫോട്ടോഷൂട്ടുകൾക്കാണെങ്കിൽ പണ്ട് മുതലേ കുട നിർബന്ധം, ഇന്ന് കാലൻകുടയും. "Kingsman the secret service" എന്ന സിനിമയിലെ കാലൻ കുടയാണെങ്കിൽ വേറെ ലെവൽ, ഒന്ന് കിട്ടിയാൽവാങ്ങാമായിരുന്നു.
കറുത്ത നിറമുള്ള ശീലയുള്ള കുട ആണ് ഏറ്റവും കൂടുതൽ ഉപയോഗത്തിൽ ഉള്ളത്. സ്കൂൾ കുട്ടികൾ പല നിറത്തിലുള്ള ഫാൻസി കുടകൾ ഉപയോഗിക്കാറുണ്ട്. കറുത്ത നിറം ഉപയോഗിക്കാനുള്ള പ്രധാന കാരണം അത് കൂടുതൽ കാലം പുതുമയോടെ ഇരിക്കും, അല്പം അഴുക്ക് പിടിച്ചാലും നിറം മങ്ങിയാലും അത്ര അറിയില്ല എന്നതാണ്. എന്നാൽ കറുത്ത നിറമുള്ള കുടയ്ക്ക് കുറെ ഗുണങ്ങൾ ഉണ്ട്. കറുത്ത നിറത്തിന്റെ ഒരു പ്രതേകത അത് എല്ലാ ഇലക്ട്രോ മഗ്‌നെറ്റിക് റേഡിയേഷനുകളെയും ആഗീരണം ചെയ്യും എന്നതാണ്. അതുകൊണ്ട് കറുത്ത നിറമുള്ള കുട സൂര്യപ്രകാശത്തിലുള്ള അപകടകാരികളായ ultraviolet കിരണങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. മറ്റു നിറങ്ങൾക്ക് ഈ കാര്യത്തിൽ കറുപ്പിന്റെ അത്ര കഴിവ് ഇല്ല. അല്ലെങ്കിലും മനുഷ്യന്റെ തൊലിയുടെ നിറമൊഴികെ ബാക്കി എല്ലാ കാര്യത്തിലും കറുപ്പ് നമ്പർവൺ ആയാണല്ലോ "വെളുത്തു നരച്ചൊരു മുടിയെ കറുത്ത യുവത്വമുള്ളതാക്കാൻ പരിശ്രമിച്ചീടുന്ന" പൊതു സമുഹം കരുതുന്നത്.
ദീപക്ക് കുമാർ