തുല്യത എന്ന സാങ്കല്പിക ആധുനിക മൂല്യം
ഇന്ത്യൻ ഭരണഘടനയുടെ part - 3 യിൽ (മൗലിക അവകാശങ്ങൾ) തുല്യത എന്ന ആധുനിക മൂല്യത്തെ ഒരു അവകാശമായി ലളിതമെങ്കിലും ആഴത്തിലുള്ള അഞ്ചു പ്രധാന വാചകങ്ങൾ കൊണ്ട് നിർവ്വചിച്ചിരിക്കുന്നു.
- നിയമത്തിന് മുന്നിലുള്ള സമത്വം (Equality before law)
- മതം, വംശം, ജാതി, ലിംഗം അല്ലെങ്കിൽ ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വിവേചനപരമായി പെരുമാറാൻ പാടില്ല. (Prohibition of discrimination on grounds of religion, race, caste, sex or place of birth)
- പൊതു തൊഴിൽ മേഖലയിൽ തുല്യ അവസരം (Equality of opportunity in matters of public employment)
- തൊട്ടുകൂടായ്മയുടെ ഉന്മൂലനം(Abolition of untouchability)
- പദവികളുടെ നിരോധനം (Abolition of titles)
മലയാളത്തിൽ ഉള്ള ട്രാൻസ്ലേഷൻനേക്കാൾ എളുപ്പം ഇംഗ്ലീഷ് മനസിലാക്കാൻ ആണെന്ന് തോന്നുന്നു. ഇതിൽ ആദ്യത്തെയും നാലാമത്തെയും വാചകങ്ങളുടെ പ്രത്യേകത എന്താണെന്നു വച്ചാൽ ഇവ രണ്ടും രാജ്യാതിർത്തിക്കുള്ളിലുള്ള ഏതൊരാൾക്കും ബാധകം ആണ് എന്നുള്ളതാണ്. മറ്റു വാചകങ്ങൾ ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ നിര്ബന്ധമായി ഉൾക്കൊള്ളുന്നില്ല എന്നാൽ ഈ രണ്ടു വാചകങ്ങൾ രാജ്യാതിർത്തിക്കുള്ളിലുള്ള ഏതൊരു വെക്തിയെയും ഉൾകൊള്ളുന്നു.
ആദ്യത്ത വാചകപ്രകാരം രാജ്യാതിർത്തിക്കുള്ളിലുള്ള ഏതൊരു വ്യക്തിക്കും (പൗരർക്കും അല്ലാത്തവർക്കും) തുല്യമായ നിയമവും സംരക്ഷണവും നിഷേധിക്കാൻ ഭരണകൂടത്തിനോ ഭരണ സ്ഥാപനങ്ങൾക്കോ (State) അവകാശമില്ല. നാലാമത്തെ വാചകപ്രകാരം തൊട്ടു കൂടായ്മ കുറ്റകരവും ശിക്ഷാർഹവും ആയ നിരോധിക്കപ്പെട്ട ഒരു പ്രവർത്തി ആണ്. ആവർത്തിച്ചു വായിച്ചു മനസ്സിലാക്കിയാൽ ജീർണിച്ച ഇന്ത്യൻ സാമൂഹിക വ്യവസ്ഥയുടെ അടിവേര് ഇളക്കി പുത്തൻ നാഗരിക സംസ്കാരത്തിന് തുടക്കം കുറിക്കാൻ ശക്തിയയുള്ളതാണ് ഈ ആശയം എന്ന് വ്യെക്തമാവും. ഏതു മതഗ്രന്ഥത്തിനാകും ഈ മഹത്തായ ആധുനിക ആശയങ്ങൾക്ക് മുകളിൽ നില്ക്കാൻ ? തുല്യത എന്ന ആശയം കൃത്യമായി മനസ്സിലായിക്കഴിഞ്ഞാൽ നിങ്ങൾ മറ്റൊരു വ്യെക്തിയായി മാറും എന്നത് തീർച്ചയാണ്. അത്തരം വ്യെക്തികളുടെ കൂട്ടായ്മ പുരോഗമനപരമായ ആധുനിക സാമൂഹിക മാറ്റങ്ങൾക്ക് മൂലകാരണം ആകുകയും ചെയ്യും.
തുല്യത എന്ന മൂല്യം ഒരു സങ്കൽപം ആകുന്നത് എന്ത് കൊണ്ടാണെന്നു വച്ചാൽ, തുല്യത എന്നത് പ്രകൃത്യാ ഉള്ളതല്ല, പ്രകൃതിയിൽ നിങ്ങൾക്ക് സമത്വം കണ്ടെത്താൻ സാധിക്കില്ല അത് നമ്മൾ മനുഷ്യസമൂഹത്തിന്റെ സമാധാനപരമായ സഹവർത്തിത്വത്തിനു വേണ്ടി രൂപീകരിച്ച ഒരു ആധുനിക ആശയം ആണ്.
പുരാതന കാലത്തുണ്ടായിരുന്ന തട്ടുതട്ടായ സമൂഹങ്ങളിൽ തുല്യത എന്നതിന് വളരെ വ്യെത്യസ്തമായ ഒരു കാഴച്ചപ്പാടായിരുന്നു ഉണ്ടായിരുന്നത്. രണ്ട് പേരെ തുല്യരായി കണ്ടിരുന്നത് അവരുടെ ശാരീരിക സാമൂഹിക സാമ്പത്തിക ഇടപാടുകളിലെ സാമ്യത പരിഗണിച്ചായിരുന്നു. എങ്കിലും അവരിൽ ആരാണ് ഒരു പടി മുന്നിൽ എന്ന ഒരു ചർച്ച എന്നും സമൂഹത്തിൽ നിലനിന്നിരുന്നതായി നമുക്ക് കാണാവുന്നതാണ്. പുരാണ കഥാപാത്രങ്ങളായ അർജുനനും-കർണ്ണനും, ശൈവ-വൈഷ്ണവ സമ്പ്രദായങ്ങൾ തമ്മിലും, ചോള-പാന്ധ്യ സാമ്രാജ്യങ്ങൾ തമ്മിലും, പണ്ഡിതന്മാർ തമ്മിലും സമൂഹം തുല്യത കല്പിച്ചിരുന്നപ്പോൾ പോലും അവരിൽ ആരാണ് മുന്നിൽ എന്ന തരത്തിലുള്ള ചർച്ചകളും കാണാം. എന്തിനേറെ പറയുന്നു മലയാള സിനിമയിലെ തുല്യ നിലവാരം കല്പിക്കുന്ന താരപ്രമുഖർ തമ്മിൽ പോലും ആരാണ് മുമ്പൻ എന്ന തർക്കം ദശാബ്ദങ്ങളായി നിലനിൽക്കുന്നത് നമുക്കേവർക്കും അറിയാവുന്നതാണല്ലോ ? എന്നാൽ ഇത്തരം പ്രാചിന ചിന്താധാര സമത്വം എന്ന ആധുനിക ആശയത്തിന് തുരങ്കം വെക്കുന്നതാണ്.
ഭവിഷ്യ പുരാണത്തിൽ മനു എന്ന ഋഷി രാജാക്കന്മാരോടും മറ്റു ഋഷിമാരോടും പങ്കു വെക്കുന്ന പ്രധാനപ്പെട്ട ഒരു ആശയം ഉണ്ട്. മാനവിക ഐക്യത്തെക്കുറിച്ചും ബ്രഹ്മാവിൽ നിന്നുള്ള ഉള്ള മനുഷ്യന്റെ ഉത്ഭവത്തെക്കുറിച്ചും സംസാരിക്കുമ്പോൾ പറയുന്ന ഒരു കാര്യം എല്ലാ ജാതിക്കാരും ബ്രഹ്മാവന്റെ സന്താനങ്ങൾ ആയതിനാൽ എല്ലാ ജാതി മനുഷ്യരും തുല്യർ ആണെന്നാണ്, ഒരേ പിതാവിന്റെ കുട്ടികൾ വ്യെത്യസ്ത ജാതിക്കാരാകാൻ സാധ്യതയില്ല. വികാരങ്ങൾ എല്ലാ ജാതി മനുഷ്യരെയും ഒരേ പോലെ ബാധിക്കുന്നതിനാൽ മനുഷ്യർ പല ജാതി ആണെന്നെങ്ങനെ പറയാനാകും ? എന്നാണ് മഹാഭാരതത്തിൽ ഭൃഗു മുനിയോടുള്ള ഭരധ്വജന്റെ ചോദ്യം.
തങ്ങളുടെ മേൽക്കോയ്മയ്ക്കായി പുരാണേതിഹാസങ്ങളും, ധർമഗ്രന്ഥങ്ങളും രചിച്ച ബ്രാഹ്മണർക്കിടയിൽതന്നെ ഇത്തരം ഒരു സംശയം ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കിടയിലും പ്രതിവാദങ്ങളാൽ അടിച്ചമർത്താനാവാതിരുന്ന തിരുത്തൽവാദികൾ ഉണ്ടായിരുന്നു എന്ന് വേണം കരുതാൻ. എല്ലാത്തരം എതിർ വാദങ്ങളെയും മതത്തിന്റെയും ദൈവത്തിന്റെയും ചട്ടക്കൂടിൽ ഒതുക്കാൻ പൗരോഹിത്യം പരിശ്രമിച്ചിരുന്നു എന്ന് നമുക്ക് ഇത്തരം ചോദ്യങ്ങളുടെ ഉത്തരങ്ങളിൽ നിന്നും മനസിലാക്കാം. ഒരേ ബ്രഹ്മാവിൽ നിന്നാണെങ്കിലും ബ്രഹ്മാവിന്റെ പല ശരീരഭാഗങ്ങളിൽ നിന്നും ഉണ്ടായതുകൊണ്ട് ജാതിയിലെ ഉയർച്ച താഴ്ച്ചകൾ പൗരോഹിത്യം ന്യായികരിക്കുന്നു.
ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വം എന്നത് ഇന്നും പ്രയോഗികം ആയിട്ടില്ലെങ്കിലും അതിനെപ്പറ്റി ആഴത്തിൽ പഠിക്കുകയും അത് പ്രായോഗികമാക്കാൻ പരിശ്രമിക്കുകയും ചെയ്യേണ്ടത് ഓരോ പൗരന്റെയും ചുമതലയാണ്. റോഡ് പണി കഴിഞ്ഞിട്ട് യാത്ര ചെയ്യാം എന്ന് നമുക്ക് ചിന്തിക്കാനാകുമോ ? ഭരണഘടന എന്നത് ഒരു മാർഗരേഖ ആണ്, ഒരു പണി തീരാത്ത റോഡ് ആണ് ആ മാർഗ്ഗരേഖയിലുടെ സഞ്ചരിച്ചു വേണം നമ്മൾ അത് നിർമിക്കാൻ. ഇന്ത്യൻ ഭരണഘടന എന്നത് അന്നത്തെ ബ്രിട്ടീഷ്, അമേരിക്കൻ ഭരണഘടനകളിൽ നിന്നും പ്രേരണ ഉൾക്കൊണ്ട് കൊണ്ട് ഉണ്ടായ ഒന്നാണ് അതിനാൽ സമത്വം പോലത്തെ ആധുനിക ആശയങ്ങൾ അതിൽ ഒരു ലോട്ടറി ഭാഗ്യത്തിന് കടന്നു കൂടിയതാണ് എന്ന് നമ്മൾ തിരിച്ചറിയണം. ആ ഭാഗ്യം നിലനിർത്താനും പരിപോഷിപ്പിക്കാനും നമ്മളോരോരുത്തരും കിണഞ്ഞു പരിശ്രമിക്കണം. രാഷ്ട്രീയ സമത്വവും സാമൂഹിക-സാമ്പത്തിക അസമത്വവും കൊണ്ട് വിരോധാഭാസം നിറഞ്ഞ ഒരു കാലത്തിലൂടെ നമ്മൾ കടന്നു പോകുകയാണ് എന്ന അംബേദ്കറുടെ നിരീക്ഷണം സ്മരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
ദീപക് കുമാർ