ആനക്കഥ
പണ്ടൊരിക്കൽ വയനാട്ടിൽ വച്ചു നടന്ന ഒരു കഥയാണ്, ഞാനും എന്റെ രണ്ടു കസിന്സും ഉച്ചയ്ക്ക് ശേഷം നാടൊക്കെ ചുറ്റിക്കാണാൻ വേണ്ടി ഇറങ്ങി. നല്ല വെയിൽ ഉണ്ടെങ്കിലും വഴി നീളെ വലിയ മരങ്ങളുടെ തണൽ ഉള്ളതുകൊണ്ട് ചൂട് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. അകലെയെവിടെയോ ഒരു കാട്ടരുവി ഉണ്ട് അവിടെ എത്തുകയാണ് ലക്ഷ്യം. അങ്ങോട്ടൊന്നും പോകരുതെന്ന് വീട്ടിൽ നിന്നും പ്രത്യേകം പറഞ്ഞിട്ടുണ്ട്, നല്ല അനുസരണ ഉള്ളതുകൊണ്ട് അങ്ങോട്ട് തന്നെ ഞങ്ങൾ വച്ചുപിടിച്ചു. ആ പ്രദേശം മുഴുവൻ വലിയ വാഴത്തോട്ടങ്ങളും കമുകിൻതോട്ടങ്ങളും ആയിരുന്നു പിന്നെ ചില വീടുകളിൽ കുരുമുളകും കാപ്പിയും ഒക്കെ നട്ടു വളർത്തിയിരുന്നു. നാട്ടു വഴികളിലൂടെ പച്ചമാങ്ങയും ഉപ്പും കൂട്ടി കടിച്ചു നടന്നു നടന്നു ഞങ്ങൾ കാടിന്റെ അതിരിലെത്തി.
കാടിന്റെ അതിർത്തി അടയാളപ്പെടുത്തിയ കോൺക്രീറ്റ് മാർക്കർ കഴിഞ്ഞാൽ ആന വരാതിരിക്കാനുള്ള വലിയ കിടങ്ങാണ്. കിടങ്ങിനു കുറുകെ നടക്കാൻ ഒരു ഒറ്റത്തടിപ്പാലം ഉണ്ടായിരുന്നു. നാട്ടിൽ ഒറ്റത്തടിപ്പാലങ്ങൾ കയറി നല്ല പരിചയം ഉള്ളത് കൊണ്ട് ഞാൻ അത് ഈസി ആയി കടന്നു കാട്ടിലേക്ക് കയറി. കാട് ആകെ ഉണങ്ങി വരണ്ടു കിടക്കുകയാണ്, ഇടയ്ക്കിടെ ഉണങ്ങിയ ആനപ്പിണ്ടം കാണാം. നടക്കുന്ന വഴിക്ക് പല സ്ഥലത്തും തീ ഇട്ടു ഒരു ഭാഗം കരിച്ചിട്ടിട്ടുണ്ടായിരുന്നു. കാട്ടു തീ ഉണ്ടായാൽ ഒരു വശത്തു നിന്നും മറ്റേ വശത്തേക്ക് പടരാതിരിക്കാൻ ആണ് ഇങ്ങനെ തീ ഇടുന്നത്. ഞാൻ അവിടെക്കണ്ട ഒരു വടി എടുത്ത് പിടിച്ചു ചെറുതായി അവിടെയും ഇവിടെയും ഒക്കെ തട്ടിയും ദൂരേക്ക് ശ്രദ്ധിച്ചും ആണ് നടന്നിരുന്നത്, വല്ല പാമ്പും കടിച്ചാലോ എന്നായിരുന്നു എന്റെ പേടി. ബാക്കി മൃഗങ്ങളെ ടീവിയിൽ കണ്ടിട്ടുള്ളതല്ലാതെ അവയെപ്പറ്റി വല്യ അറിവില്ലാത്തതുകൊണ്ട് വേറെ ഒന്നും ചിന്തിച്ചില്ല.
യൂക്കാലി മരങ്ങളിൽ ഇടയ്ക്കിടെ കാറ്റു വീശുമ്പോളുള്ള ശബ്ദം മാത്രം കേൾക്കാം. ആ കാട്ടിലൂടെ കുറച്ചു ദൂരം നടന്നപ്പോൾ കുറെ മാനുകൾ അങ്ങിങ്ങായി നിൽക്കുന്നത് കണ്ടു. ഞങ്ങളെ കണ്ടതും ഒന്ന് തല പൊക്കി നോക്കിയ ശേഷം അവ പേടിച്ച് ഓടിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ എതിരെ ഒരാൾ ഒരു ചുള്ളിക്കെട്ടും തലയിൽ വച്ചുകൊണ്ട് നടന്നു വരുന്നു കയ്യിൽ ഒരു വെട്ടുകത്തിയും ഉണ്ട്. അങ്ങനെ നടന്നു നടന്നു വനാതിർത്തി പിന്നിട്ട് ഞങ്ങൾ ഒരു പാടവരമ്പിലേക്ക് എത്തി, വലതു വശത്തു വിശാലമായ കൃഷി ഇല്ലാത്ത ഉണങ്ങിയ ഒരു പാടം, ഇടതു വശത്തു കമ്പി വേലി കെട്ടിയ വാഴക്കൃഷി. വലതു വശം അല്പം ദൂരെ വരെ വ്യെക്തമാക്കി കാണാം, അതിനപ്പുറത്തായി ഇരുണ്ട കാടും. ഒറ്റ നോട്ടത്തിൽ അപകടം ഒന്നും ഇല്ല.
വരമ്പിലൂടെ വർത്തമാനം പറഞ്ഞു നടന്നു പകുതി എത്തിക്കാണും പെട്ടെന്ന് വലതു വശത്തായി അല്പം ദൂരെ മാറി ഒരു ഒച്ച കേട്ടു. നോക്കിയപ്പോൾ ഒന്ന് കുതിച്ചോടിയാൽ എത്താവുന്ന ദൂരത്തായി ഒരു കാട്ടാന ഒറ്റയ്ക്ക് നിൽക്കുന്നു. മെലിഞ്ഞു നല്ല ഉയരമുള്ള അത്ര ആനചന്തമൊന്നും ഇല്ലാത്ത ഒരു കാട്ടാന. അതൊരു വല്ലാത്ത നിൽപ്പായിരുന്നു, നെറ്റിയുടെ ഒരു വശം നനഞ്ഞും മറ്റേ വശം പൊടിപിടിച്ചും, മണൽ വാരി തലകുലുക്കി പുറത്തേക്ക് ഒരേറു എറിയുമ്പോൾ അവിടെയാകെ പൊടി പാറി പറന്നു. നീണ്ടുമെലിഞ്ഞുവളഞ്ഞ കൊമ്പുകളും ചുക്കി ചുളുങ്ങിയ തൊലിയും, മെലിഞ്ഞ തലയെടുപ്പുള്ള മസ്തകവും കണ്ടപ്പോൾ ഭീതിയേക്കാൾ ആശ്ചര്യം ആണ് അന്ന് തോന്നിയത്. ഒരു നിമിഷം എന്ത് ചെയ്യണം എന്നറിയാതെ നിന്നു, ഉത്സവത്തിന് ആനയെ കണ്ടുള്ള പരിചയമേ എനിക്കുള്ളൂ. ആനയെപ്പറ്റി അത്ര അറിവില്ലാത്തതു കൊണ്ടും കൗതുകം നിറഞ്ഞ ഭയം ഉള്ളതുകൊണ്ടാണോ എന്നറിയില്ല എനിക്ക് ഓടാൻ തോന്നിയില്ല, കൂടെയുള്ളവർ ആണെങ്കിൽ ഓടാതെ അവിടെ പതുങ്ങി നിന്നു.
ആന അടുത്തേക്ക് വന്നാൽ എന്ത് ചെയ്യും ? ആ വരമ്പിലൂടെ ഒരല്പം മുന്നോട്ട് ഓടിയാൽ ഒരു മണ്ണിട്ട ഒരു റോഡ് ഉണ്ട്, ഇരുവശത്തും വാഴ കൃഷി ആണ്, ഇടതുവശത്തായി നല്ല ഉയരത്തിൽ ഒരു ഇലക്ട്രിക്ക് കമ്പി വേലി കെട്ടിയ കൃഷിസ്ഥലം ആന വന്നാൽ ആ കമ്പി വേലിയുടെ ഇടയിലുഉടെ കയറി ഓടാം എന്ന് മനസ്സിൽ ഉറപ്പിച്ചു ധൈര്യം സംഭരിച്ചു ഞങ്ങൾ അനങ്ങാതെ നിന്നു. ആന ആകെ ഒന്നിളകി ഒന്നു-രണ്ടടി മുന്നോട്ട് വെച്ചപോലെ തോന്നി, എന്റെ ജീവൻ പാതി പോയി. ഞാൻ ഒരു കാൽ വേലിക്കിടയിലേക്ക് വെച്ച് ഇലക്ട്രിക്ക് കമ്പിയിൽ തട്ടാതെ അകത്തേക്ക് കയറാൻ തയ്യാറായി ശ്വാസം പിടിച്ചു ആനയെത്തന്നെ നോക്കി നിന്നു. അൽപനേരം ചെവി പുറകോട്ട് പിടിച്ചു ഒന്ന് തല കുലുക്കിയശേഷം നമ്മളെ ഒന്നും ശ്രദ്ധിക്കാതെ ആ ആന പുറം തിരിഞ്ഞു നടന്നു കാട് കേറി. ആന പോയിക്കഴിഞ്ഞപ്പോൾ ആണ് എല്ലാവര്ക്കും ആശ്വാസം ആയത്. പിന്നെ നടപ്പു തുടരാൻ തോന്നിയില്ല എങ്ങനെയെങ്കിലും വീട്ടിൽ തിരിച്ചെത്തിയാൽ മതിയെന്നായി അങ്ങനെ ഞങ്ങൾ പെട്ടെന്ന് തിരിച്ചു നടന്നു വീട്ടിലെത്തി. വീട്ടിൽ ആരോടും ഒന്നും പറയാൻ പോയില്ല. സംഗതി ഒരു ചെറിയ സംഭവം ആണെങ്കിലും ഇന്നാലോചിക്കുമ്പോൾത്തന്നെ പേടിയാകുന്നു.